തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സംബന്ധിച്ച് എൻഎസ്എസ് മാനേജ്മെന്റിന് അനുകൂലമായ കോടതി വിധി മറ്റു മാനേജ്മെന്റുകൾക്കും ബാധകമാക്കണമെന്നതാണ് സർക്കാരിന്റെ നയമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
ചട്ടം 300 അനുസരിച്ച് നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എൻഎസ്എസ് മാനേജ്മെന്റിന് അനുകൂലമായി സുപ്രീംകോടതി പുറപ്പെടുവിച്ച വിധി, സമാന സാഹചര്യത്തിലുള്ള മറ്റ് മാനേജ്മെന്റുകൾക്കും ബാധകമാക്കണമെന്ന ആവശ്യം ഉന്നയിച്ച് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കേസ് വാദിക്കാനായി ജയദീപ് ഗുപ്തയെന്ന മുതിർന്ന അഭിഭാഷകനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി തങ്ങൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്ന കോർപറേറ്റ് മാനേജ്മെന്റുകൾ കോടതിയിൽ സർക്കാരിനെ പിന്തുണയ്ക്കാൻ അഭിഭാഷകരെ നിയോഗിച്ചില്ല. ഇതുമൂലം സുപ്രീംകോടതിയിൽ ഈ വിഷയത്തിൽ സർക്കാർ ഒറ്റപ്പെടുന്ന സാഹചര്യമാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. നിലവിൽ 29 സ്പെഷൽ ലീവ് പെറ്റീഷനുകളിലായി 442പേർ സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ ഹർജിക്കാരായ അധ്യാപകരും ചില ഭിന്നശേഷി സംഘടനകളും സർക്കാരിന്റെ ആവശ്യത്തെ കോടതിയിൽ എതിർത്തതിനാലാണ് കേസ് ഏപ്രിൽ 14ലേക്ക് മാറ്റിയത്.
എയ്ഡഡ് സ്കൂൾ മേഖലയിൽ ആകെ 5729 മാനേജ്മെന്റുകൾ ഉണ്ടെന്നും ഭിന്നശേഷി വിഭാഗത്തിനായി 5788 തസ്തികകൾ നീക്കിവയ്ക്കേണ്ടതുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 6230 പേർ പ്രൊവിഷണലായും 17,729 പേർ ദിവസവേതന അടിസ്ഥാനത്തിലും ജോലി ചെയ്യുന്നുണ്ട്. സുപ്രീംകോടതിയിൽനിന്ന് അനുകൂല ഉത്തരവ് ഉണ്ടാകുന്നതോടെ, പ്രൊവിഷണൽ, ദിവസവേതന അടിസ്ഥാനത്തിൽ തുടരുന്ന അധ്യാപകർക്കും അവരുടെ നിയമന തീയതി മുതൽ സ്ഥിര നിയമനം നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇതിനകം 1500 ഓളം ഭിന്നശേഷിക്കാർക്ക് നിയമനം നൽകിക്കഴിഞ്ഞു.റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യോഗ്യരായ 431 ഉദ്യോഗാർഥികൾക്ക് നിയമന ശിപാർശ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.